Saturday, January 7, 2012

അയ്യോ....എന്നെ തല്ലി കൊല്ലുന്നേ......

                               കുട്ടികാലത്ത് നമ്മള്‍ ഗൃഹാത്വരത്തോടു കൂടി  ഓര്‍മിക്കുന്ന പല അനുഭവങ്ങളുമുണ്ടാകും. അതില്‍ വീട്ടില്‍ നിന്ന് തല്ലു കൊള്ളുന്ന ഓര്‍മ്മകള്‍ മിക്കവാറും എല്ലാവരിലും സജീവമായിരിക്കും. (ചിലര്‍ക്ക് ഈ ഓര്‍മ ഉണ്ടാവില്ലട്ടോ....ഭാഗ്യവാന്മാര്‍ ).

                             എന്നാണ് എനിക്ക് വീട്ടില്‍ നിന്ന് ലാസ്റ്റ്‌ തല്ലു കിട്ടിയത്? ആഹ്.......നാലാം ക്ലാസില്‍ വച്ച്. പിന്നെ എനിക്ക് ഇതുവരെ ഒരു തല്ലും കിട്ടിയിട്ടില്ല. എങ്ങനെയാണു ആ കലാപപരിപടി ഞാന്‍ നിര്‍ത്തിച്ചത്?

                                          *************************

                            വൈത്തിരി. അതാണ് എന്‍റെ നാട്. ടൌണില്‍ തന്നെ, നാഷണല്‍ ഹൈവേ-യ്ക്കു സമീപം ആണ് എന്‍റെ വീട്. കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും മറ്റും ആയതുകൊണ്ട് അപ്പച്ചന്‍ നാട്ടില്‍ അത്യാവശ്യം അറിയപ്പെടുന ഒരു വ്യക്തിയായിരുന്നു.(മറന്നു പോയി.....പുള്ളി അത്യാവശ്യം മുന്‍കോപിയും ആണ്.)`

                          കുരുത്തകേട്‌ കാണിച്ചാല്‍ എന്നെ തല്ലാനുള്ള വടി വീട്ടിനുള്ളില്‍ കഴുക്കോലിന്‍റെ   ഇടയ്ക്ക് എടുത്തു വച്ചിട്ടുണ്ടായിരിക്കും. ആവശ്യം വരുമ്പോള്‍ പെട്ടെന്ന് എടുത്തു പ്രയോഗിക്കാമല്ലോ.....
അന്ന് ഒരു മോശം ദിവസമായിരുന്നു(എനിയ്ക്കല്ല, അപ്പച്ചന്....)എന്തോ ഒരു ചെറിയ തെറ്റിന് അപ്പച്ചന്‍ വടിയെടുത്തു. സാധാരണ അപ്പച്ചന്‍ വടിയെടുത്താല്‍ ഞാന്‍ ഒരു മജീഷ്യനാകും. അതായത് നിന്ന നില്പില്‍ ഞാന്‍ അപ്രത്യക്ഷനാകും.(സിനിമേലോക്കെ കണ്ടിട്ടില്ലേ? അതുപോലെ...)പിന്നെ അനിസ്പ്രേയുടെ പരസ്യം പോലെയാകും കാര്യങ്ങള്‍,പൊടി പോലുമില്ല കാണാന്‍.....

                          പക്ഷെ അന്ന് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.ഓടാന്‍ നോക്കിയ എന്‍റെ കോളറിനു പിടി വീണു.പരമാവധി ശക്തിയെടുത്തു കുതറി നോക്കി. നോ രക്ഷ. പെട്ടെന്ന് മനസ്സിലൊരു ലഡ്ഡു പൊട്ടി. ഉടനെ
 ഞാന്‍ ഉറക്കെ....വളരെ ഉറക്കെ വിളിച്ചു കൂവി.

"അയ്യോ.....നാട്ടുകാരെ.....ഓടിവരണേ....എന്നെ...തല്ലി....കൊല്ലുന്നേ...."


                      പെട്ടെന്നുള്ള എന്‍റെ ഈ ആക്രമണം അപ്പച്ചനെ വല്ലാതെ അമ്പരപ്പിച്ചു. കൈ വിറച്ച് വടി താഴെ വീണു.ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് അടുകളയില്‍ നിന്ന് അമ്മച്ചി ഓടി വന്നു. അനിയനും കാര്യമറിയാതെ കരച്ചില്‍ തുടങ്ങി.  ആകെകൂടി ഒരു ബോംബു വീണ പ്രതീതി. അപ്പച്ചന്‍ ഇപ്പോഴും ഒരക്ഷരം മിണ്ടാന്‍ പറ്റാതെ പ്രതിമയെ പോലെ നില്‍ക്കുകയാണ്.(ആകെ ഉണ്ടായിരുന്ന ജോലി പോയപ്പോള്‍ പോലും ഇങ്ങനെ നിന്നിട്ടില്ല.)   അടുത്തുള്ള കടകളില്‍ ഉള്ള ആള്‍ക്കാരെല്ലാം മുറ്റത്തേക്ക് ഓടി വന്നു. മുന്‍വശത്തെ ജനലില്‍ കൂടി അവരെല്ലാം തിടുക്കപ്പെട്ടു വീടിന്‍റെ ഉള്‍വശം നിരീക്ഷികുകയാണ്. അവരും ലേശം പേടിച്ചിട്ടുണ്ട്. അപ്പച്ചന്‍റെ  മുഖത്ത് നിര്‍വികാരത പോയി ചമ്മല്‍ സ്ഥാനംപിടിച്ചു കഴിഞ്ഞു.പുറത്തു കൂടിനില്‍ക്കുന്ന  ആളുകളുടെ അടക്കം പറച്ചില്‍ ഞങ്ങള്‍ക്ക് കേള്‍ക്കാം. ചമ്മല്‍ കാരണം ഉമ്മറത്തേക്ക് വരാന്‍ പോലും അപ്പച്ചന് പറ്റുന്നില്ല. നടുറോട്ടില്‍ വച്ച് ഉടുമുണ്ട് അഴിഞ്ഞു വീണാല്‍ പോലും ഇത്രയും ചമ്മല്‍ ഉണ്ടാകാന്‍ വഴിയില്ല.
                                          

                          നാട്ടുകാരുടെ എണ്ണം കൂടിയപ്പോള്‍ അമ്മച്ചി പതുക്കെ അടുകളയിലേക്ക് വലിഞ്ഞു. ചമ്മലിന്‍റെ പുറത്തു കൂടി ഒരു ചിരി വാരി തേച്ചു അപ്പച്ചന്‍ ഉമ്മറത്തേക്ക് വന്നു. പെട്ടെന്ന് മുറ്റത്ത്‌ ഒരു വലിയ നിശബ്ദത വ്യാപിച്ചു.  അപ്പച്ചന്‍റെ  മുഖം കണ്ട പാടെ തൊട്ടടുത്തെ കടയിലെ ചേട്ടന്‍ ചോദിച്ചു:

"എന്താ ആല്‍ബിചേട്ടാ? എന്ത് പറ്റി?"
അപ്പച്ചന്‍:"ഏയ്....ഒന്നൂല."(എന്നെ നോക്കികൊണ്ട് തുടര്‍ന്നു)"  ഇവനെ ഒന്ന് തല്ലാന്‍ നോക്കിയതാ...."
ചേട്ടന്‍:"ആഹ്...അതാണോ? ഞാന്‍ വിചാരിച്ചു..."
വാക്യം മുഴുമിക്കാതെ അയാള്‍ പുറത്തേക്കു ഇറങ്ങി. ഇതില്‍ വിശ്വാസം വരാത്ത ചിലര്‍ വീണ്ടും മുറ്റത്ത്‌ കുറച്ചു സമയം കൂടി ചുറ്റി  പറ്റി നില്‍ക്കുന്നുണ്ടായിരുന്നു. അപ്പച്ചന്‍റെ  ചമ്മല്‍ മാറാന്‍ പിന്നെയും കുറെ സമയമെടുത്തു‌. എന്തായാലും ആ സംഭവത്തിന്‌ ശേഷം അപ്പച്ചന്‍ എന്നെയോ അനിയനെയോ ഒരിക്കല്‍പോലും തല്ലിയിട്ടില്ല.

പിന്‍കുറിപ്പ്‌:      പ്രിയപ്പെട്ട കൂട്ടുകാരെ,
                     നിങ്ങള്‍ക്ക്  വീട്ടില്‍ നിന്ന് അവസാനത്തെ തല്ലു എപ്പോഴാണ് കിട്ടിയത്? നിങ്ങള്‍ക്കും ഇങ്ങനത്തെ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടോ?
എനിയ്ക്കു  അതറിയാന്‍ വളരെ അധികം ആഗ്രഹമുണ്ട്.കൂട്ടുകാര്‍ എല്ലാവരും ആ അനുഭവങ്ങള്‍ താഴെ എഴുതണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.