Friday, October 21, 2011

ഇങ്ങനെ മുറുക്കരുത്...................plssssssssss

    മുറുക്കാന്‍ ...ഒരു കാലത്ത് നമ്മുടെ തറവാടുകളിലെ കാരണവന്മാരുടെ ഒരു status symbol ആയിരുന്ന ദുശ്ശീലം. ഇന്ന് തറവാടുകളും, സിംഹവാലന്‍ കുരങ്ങും, മുറുക്കാനും റെഡ് ഡാറ്റ ബുക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
എന്‍റെ അപ്പൂപ്പന്‍  നന്നായി മുറുക്കുന്ന കൂട്ടത്തിലായിരുന്നു. അന്ന് മുതലേ എന്‍റെ മനസ്സിലും മുറുക്കണം എന്ന  ആശ  ജനിച്ചിരുന്നു.
  
    കോട്ടയത്ത് പാമ്പാടിയില്‍  എഞ്ചിനീയറിങ്ങിനു  പഠിക്കുന്ന കാലം.നെടുങ്കുഴി എന്ന ഒരു സ്ഥലത്താണ് എന്‍റെ ഹോസ്റ്റലും  മറ്റും. ടിറ്റോ (എന്‍റെ  ഫ്രണ്ട് ) ആണ് മുറുക്കുക എന്ന ആഗ്രഹം  എന്നില്‍ വീണ്ടും സജീവമാക്കിയത്.
ഇവന്‍ ഇടയ്ക്കൊക്കെ  മുറുക്കുന്നത് കാണാമായിരുന്നു. അങ്ങനെ ടിറ്റൊയോടു എന്‍റെ. ആഗ്രഹം പറഞ്ഞു , എന്താ.....? ഒന്നു മുറുക്കണം(ആറാം തമ്പുരാന്‍ സ്റ്റൈലില്‍).അവന്‍ എന്‍റെ ഗുരുവായി സ്വയം അങ്ങ് അവരോധിച്ച് അടുത്തുള്ള

മുറുക്കാന്‍ കടയിലേക്ക് എന്നെ ആനയിച്ചു. അഞ്ചു രൂപ കൊടുത്തു, കടക്കാരന്‍റെ  കൈയ്യില്‍. self service ആണവിടെ . ആദ്യം ഒരു വെറ്റില  എടുത്തു. അതില്‍ കുറച്ചു ചുണ്ണാമ്പ് പുരട്ടി കുറച്ചു അടക്ക, കുറച്ചു പുകയില എന്നിവ എടുത്ത് വച്ചു.  വെറ്റിലയുടെ ഞെട്ടു  മുറിച്ചു കളഞ്ഞുകൊണ്ട് അവന്‍  പറഞ്ഞു.
    "ഞെട്ടു തുടക്കക്കാര്‍ക്ക്  നല്ലതല്ല. ചിലപ്പോള്‍  പണി കിട്ടും."
എല്ലാം കൂട്ടി മടക്കി എന്‍റെ  കൈയ്യില്‍  തന്നു. ഞാന്‍  എന്‍റെ  ഹോസ്റ്റലിലേക്കും , ഗുരു ഗുരുവിന്‍റെ    ഹോസ്റ്റലിലേക്കും നടന്നു. ഞാന്‍  നേരെ പോയത് ജൂനിയേഴ്സിന്‍റെ  ഭാഗത്തേക്കാണ്.തലയ്ക്കു ചെറിയ തരിപ്പ് ഉണ്ടെങ്കിലും  അത് പുറത്തു  കാണിക്കാതെ ചെന്ന പാടെ മുറ്റത്ത്  ഒന്ന് മുറുക്കി തുപ്പി പിള്ളാരുടെ ശ്രദ്ധ ക്ഷണിച്ചു. ഇത് കണ്ട ഒന്ന് രണ്ടു പേര്‍  പുറത്ത് വന്നു ചോദിച്ചു.
    "എന്താ അരുണ്‍ ചേട്ടാ  ഇത്?"
     “(ലേശം ജാഡയോടെ ) ഓ..ഇതോ? ഇത് മുറുക്കാനാ."
  നന്നായൊന്നു ചവച്ചു ഒന്നും കൂടി തുപ്പി. അതോടുകൂടി ആളുകളുടെ എണ്ണം കൂടി. പിന്നെ സംശയങ്ങളുടെ പ്രവാഹമായിരുന്നു. വര്‍ഷങ്ങളായി  മുറുക്കുന്ന ഒരു അനുഭവസമ്പന്നനെ പോലെ അവര്‍ക്ക്  എല്ലാ ഉപദേശവും കൊടുത്തു.
 semester-ല്‍  എല്ലാ പേപ്പറും ക്ലിയര്‍  ആയവനെപ്പോലെ ഞാന്‍  അവിടെ നിന്ന് പോന്നു. ജൂനിയേഴ്സിന്‍റെ  അത്ഭുതം നിറഞ്ഞ കണ്ണുകള്‍  എന്നെ പിന്തുടരുന്നത് എനിക്ക് ഹരം തരുന്ന  ഒരു കാഴ്ചയായിരുന്നു.


പിറ്റേ ദിവസം:
വീണ്ടുമൊരു ആഗ്രഹം....എന്താ....? ഒന്നുകൂടി മുറുക്കണം. ഇനിയൊരു ഗുരുവിന്‍റെ  ആവശ്യം ഇല്ല. എല്ലാം പഠിച്ചു കഴിഞ്ഞു. മാത്രമല്ല എനിക്ക് ഇപ്പോള്‍  ഒരുപാട്  ശിഷ്യന്മാരും ഉണ്ട്. ഞാന്‍  നേരെ കടയിലേക്ക് ചെന്ന് പറഞ്ഞു.
"ചേട്ടാ , അഞ്ചു രൂപയ്ക്ക് മുറുക്കാന്‍ .."
    അഞ്ചു രൂപ വാങ്ങിച്ച് മേശയില്‍  ഇട്ട്,മുറുക്കാന് പെട്ടി  എടുത്തു തന്നു.എന്നിട്ട് എടുത്തോ എന്നര്‍ത്ഥത്തില്‍ തല വെട്ടിച്ചു.ഞാന്‍  വേഗം പെട്ടി തുറന്നു ഒരു വെറ്റില എടുത്ത് ഞെട്ടു കളഞ്ഞ് ഇച്ചിരി ചുണ്ണാമ്പ് എടുത്ത്
തേച്ച് അടയ്ക്കയും പുകയിലയും എടുത്ത്  മടക്കി. ഇതില്‍ പുകയില മാത്രം ഇച്ചിരി കൂടുതല്‍ എടുത്തു. സംഗതി വായിലിട്ടു ചവച്ചു കൊണ്ട് ഹോസ്റ്റലിലേക്ക് നടന്നു.
"ഇന്നും ജൂനിയേഴ്സിന്‍റെ  അടുത്ത് പോയി ഷൈന്‍ ചെയ്യണ്ട. പ്രകൃതിരമണീയമായ ദൃശ്യങ്ങള്‍  കണ്ടു മുറുക്കാന്‍  നല്ലത് പുറകിലെ ബാത്ത് റൂമിന്‍റെ  ഭാഗത്തേക്ക് പോകുന്നതാണ്." മനസ്സ് എന്നോട് ഉപദേശിച്ചു. സ്വന്തം മനസാക്ഷി  പറഞ്ഞതല്ലേ..മനസാക്ഷിയെ വഞ്ചിക്കരുത്  എന്നാണല്ലോ ! എങ്കില്‍  പിന്നെ അവിടേക്ക് പോയേക്കാം.
                           ഒരു മിനിറ്റ് തികച്ച് ആയില്ല. തലയ്ക്കു വല്ലാത്ത കറക്കം. കാലുകള്‍  നേരെയാകുന്നില്ല. ഒരു പാണ്ടിലോറി വന്നു ഇടിച്ചമാതിരിയുണ്ട്. എട്ടിന്‍റെ പണി കിട്ടിയെന്നു മനസിലായി. നേരെ ബാത്റൂമില്‍  കയറി മുറുക്കാന്‍
 എല്ലാം തുപ്പികളഞ്ഞു, വായ് നന്നായ് കഴുകി. ഇല്ല...നോ രക്ഷ. സംഗതി കൂടുതല്‍ വഷളാകുകയാണ്. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ മാനം കപ്പല് കേറും. നേരെ ഉടുത്തിരുന്ന വസ്ത്രത്തോടെ തന്നെ പൈപ്പിന്‍റെ ചോട്ടില്‍  ഇരുന്നു.  നല്ല തണുത്ത  വെള്ളം തലയില്‍ കൂടി വീണിട്ടും ഞാന്‍ വിയര്‍ത്തു കൊണ്ടിരുന്നു.(അത് വളരെ നല്ല ഒരു അനുഭവമാണ്. ജീവിതത്തില്‍ ഒന്നോ രണ്ടോ പ്രാവിശ്യമേ ഇത് കിട്ടുകയുള്ളൂ. താല്പര്യമുള്ളവര്‍ പെട്ടെന്ന്  തന്നെ പരീക്ഷിക്കുക.) ഇനിയും ഇവിടെ ഇരുന്നാല്‍ ബാത്റൂമില്‍  തന്നെ കിടന്നു പോകും. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍  പിന്നെ ചത്താല്‍  മതി. ഞാന്‍  വേഗം എഴുന്നേറ്റ് (അതൊരു ആഗ്രഹം മാത്രമായിരുന്നു. വളരെ പതുക്കെയെ  എഴുന്നേല്ക്കാന്‍   പറ്റിയുള്ളൂ.) റൂമിലേക്ക് നടന്നു.(എന്‍റെ  റൂം ഒന്നാമത്തെ നിലയിലാണ്.)ഞാന്‍  നോക്കുമ്പോള്‍  അതാ, staircase-ന്‍റെ  ചുവട്ടില്‍  മുഴുവന്‍  ജൂനിയെഴ്സ്. എന്നെ ഈ അവസ്ഥയില്‍   (അതായതു നനഞ്ഞു കുളിച്ച അവസ്ഥയില്‍  ) കണ്ട അവരില്‍  അമ്പരപ്പ് നിറയുന്നത് എനിക്ക് കാണാം. അവര്‍ക്ക്  ഒന്നും  ചോദിക്കാനുള്ള  അവസരം കൊടുക്കാതെ ഞാന്‍  സ്റെപ്പ് കേറാന്‍  തുടങ്ങി.(എന്‍റെ  ഇത്രയും കാലത്തേ ജീവിതത്തിനിടയില്‍  ഞാന്‍  ഇത്രമാത്രം concentrate ചെയ്ത് ഒരു പ്രവൃത്തിയും  ചെയ്തിട്ടില്ല. ഇനി ചെയ്യാനും സാധ്യതയില്ല.)ഓരോ  സ്റ്റെപ്പ് കേറുന്ന സമയത്തും  ബാക്കിയുള്ള സ്റ്റെപ്പുകളുടെ എണ്ണം കൂടുന്നതായി തോന്നി.അവസാനം വളരെ വിജയകരമായി ഞാന്‍  റൂമില്‍  പ്രവേശിച്ചു. അപ്പോള്‍  റൂമില്‍  ഏതാണ്ട് ഒരഞ്ചു പേരെങ്കിലും ഉണ്ടായിരുന്നു. പതിവുപോലെ  ലാപ്ടോപില്‍  ഏതോ സിനിമ കാണുന്നു.അവരെയാരെയും  മൈന്‍റ്  ചെയ്യാതെ നേരെ കട്ടിലിലേക്ക്   ഒരു വീഴ്ച. ഭാഗ്യം മലര്‍ന്നാണ്  വീണത്. റൂമിലെ എല്ലാവരും ഒന്ന് ഞെട്ടി.
"എന്ത് പറ്റിയെടാ? പറയെടാ?"
അവര്‍ പേടിയോടെയാണ് ചോദിക്കുന്നത്. ഞാന്‍ വളരെ പതുക്കെ അധികം strain എടുക്കാതെ പറഞ്ഞു.
"ഒന്നൂല. ഞാനൊന്നു മുറുക്കിയതാ"
ഉടനെ അവിടെ ഒരു കൂട്ടച്ചിരി തുടങ്ങി.
ഞാന്‍ സത്യം പറഞ്ഞില്ലെങ്കില്‍  അവര്‍  എന്നെ ആശുപത്രിയിലെങ്ങാനും  കൊണ്ടുപോയേനെ. വിവരം കാട്ടുതീ പോലെ ഹോസ്റ്റലില്‍   പടര്‍ന്നു. കൂട്ടുകാര്‍  കൂട്ടംകൂട്ടമായി accident spot കാണാന്‍   വരുന്നവരെപോലെ വന്നുകൊണ്ടിരുന്നു.
 റൂമില്‍   കട്ടിലുകളിലും മേശപുറത്തുമൊക്കെ ഇരുന്നു അവര്‍  ചര്‍ച്ച  ചെയ്യുകയാണ്.വിഷയം ഞാനാണെന്ന് പ്രത്യേകം പറയണ്ടല്ലോ?
പല സംശയങ്ങളും അവിടെ നിന്ന് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു.ചിലതൊക്കെ ഞാനും കേള്‍ക്കുന്നുണ്ടായിരുന്നു. ചില സംശയങ്ങള്‍ ഇതൊക്കെയായിരുന്നു.
"മുറുക്കിയാല്‍  ഇങ്ങനെയൊക്കെ പറ്റുമോടെ ?"
"സത്യത്തില്‍  എങ്ങനെയാണ് മുറുക്കുന്നത്?"
സാധാരണ മുറുക്കുന്നവര്‍  ഇങ്ങനെ ബോധം കേട്ട് വീഴാറില്ലല്ലോ ..."
അങ്ങനെയങ്ങനെയങ്ങനെ. സംശയങ്ങള്‍ എല്ലാം തന്നെ ദൂരികരിക്കാന്‍   ഗുരുവിനെ തന്നെ വിളിച്ചു വരുത്തി. ഗുരു വന്നു സംശയനിവാരണം നടത്തിയപ്പോള്‍  എനിക്കൊരു കാര്യം മനസ്സിലായി,  പുകയിലയാണ് വില്ലന്‍. ഇതിനിടയില്‍  ജൂനിയേഴ്സ്  വന്നു ഒന്നുമറിയാത്തവരെപോലെ ചോദിച്ചു.
എന്ത് പറ്റി  അരുണ്‍ ചേട്ടാ ?"
ഉത്തരം ഞാന്‍ ഒരു മനോഹരമായ പുഞ്ചിരിയിലൊതുക്കി.
*********************
ഏകദേശം നാല് മണിക്കൂര്‍  വേണ്ടി വന്നു എനിക്ക് പഴയ അവസ്ഥയിലെത്താന്‍. എന്തായാലും അതിനു ശേഷം ഹോസ്റ്റലില്‍   ആരും മുറുക്കുന്നത് കണ്ടിട്ടിട്ടില്ല,എന്‍റെ  ഗുരു പോലും.



Sunday, October 16, 2011

കഥ തുടരും.....

                                  നമ്മുടെ ജീവിതത്തിലെ എന്തു കാര്യവും തുറന്നു പറയാവുന്ന, ഏതു സിനിമയ്ക്കും ഒരുമിച്ചു പോകാന്‍ തയ്യാറുള്ള, നമ്മള്‍ അങ്ങോട്ട്‌ ഫോണ്‍  ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ ഇങ്ങോട്ട് ഫോണ്‍ ചെയ്യുന്ന ഒരു സുഹൃത്ത്‌ നിങ്ങള്‍കുണ്ടോ?
                   
                                   നിങ്ങളുടെ ഉത്തരം യെസ്  ആയാലും നോ ആയാലും , എനിക്ക് അങ്ങനെ ഒരു സുഹൃത്ത്‌ ഉണ്ട്: ബിവിന്‍...   വെറും ഒരു സുഹൃത്തല്ല, ബാല്യകാലസുഹൃത്ത്. നീണ്ട പതിനഞ്ചു വര്‍ഷങ്ങളുടെ സുഹൃത്ബന്ധം. ഞാന്‍ ആദ്യമായ് ക്ലാസ്സ്‌  കട്ട്‌  ചെയ്തു സിനിമയ്ക്ക്  പോയതും, നീന്തല്‍ പഠിക്കാന്‍ ശ്രമിച്ചതും( പക്ഷെ അതൊരു പരാജയപ്പെട്ട സംരംഭമായിരുന്നു. എനിക്ക് ഇന്നും നീന്തലറിയില്ല), സംസാരിച്ചു കൊണ്ട് ഒരുപാടു  ദൂരം നടക്കുന്നതിന്‍റെ  സുഖം അറിഞ്ഞതും എന്‍റെ ഈ
സുഹൃത്തിലൂടെയാണ്.
                                ജീവിതത്തിന്‍റെ  കൈവഴികളില്‍ ഞങ്ങള്‍ പലപ്പോഴും മനപൂര്‍വം വഴി പിരിഞ്ഞെങ്കിലും വിധി ഞങ്ങളെ വീണ്ടും കൂട്ടിമുട്ടിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും വീണ്ടും ഒരുമിച്ചിരിക്കുന്നു. പക്ഷെ ഞങ്ങള്‍ ഒരുമിച്ചു എത്തിപ്പെട്ടത് ഒരു പെരുവഴിയിലാണ്. ജീവിതം ഒരു പേപ്പട്ടിയെപോലെ ഞങ്ങളെ തുറിച്ചു നോക്കുമ്പോള്‍, വിധി   ഒരുക്കിവച്ചിരിക്കുന്ന സര്‍പ്രൈസ് ഗിഫ്റ്റിന് വേണ്ടി ഞങ്ങള്‍  ജിജ്ഞാസയോടെ കാത്തിരിക്കുന്നു.
കഥ ഇവിടെ അവസാനിക്കുന്നില്ല......തുടരും......